ന്യൂഡൽഹി : പ്രതിരോധ രംഗത്ത് ഇന്ത്യയെ ആത്മനിർഭരമാക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ശക്തിപ്പെടുത്തിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭരണം ലഭിച്ച് ആദ്യത്തെ 100 ദിവസങ്ങളിൽ നടപ്പിലാക്കേണ്ട കർമ്മപദ്ധതികൾ നേരത്തെ തയ്യാറാക്കിയിരുന്നുവെന്നും, ഈ സമയത്തിനുള്ളിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
” എൻഡിഎ സർക്കാർ അധികാരത്തിലെത്തി ഇന്ന് 100 ദിവസങ്ങൾ പൂർത്തിയാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവും ഇന്നേ ദിവസം ആണെന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. മൂന്നാം വട്ടം ഈ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് തന്നെ 100 ദിവസത്തെ കർമപദ്ധതികൾ ഞങ്ങൾ തയ്യാറാക്കിയിരുന്നു. കാരണം അധികാരത്തിലെത്തുന്നത് എൻഡിഎ സർക്കാർ തന്നെയാണെന്ന കാര്യത്തിൽ ഞങ്ങൾ ആത്മവിശ്വാസം ഉണ്ടായിരുന്നു.
ആദ്യത്തെ 100 ദിവസത്തിനുള്ളിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾക്കായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കണമെന്ന് ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഈ കാലയളവിനുള്ളിൽ വിവിധ വകുപ്പുകൾ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ഇന്ത്യയെ പൂർണമായി ആത്മനിർഭരമാക്കാനാണ് ശ്രമിക്കുന്നത്. കൂടുതൽ വിഭവങ്ങൾ രാജ്യത്ത് നിർമ്മിക്കാനുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ട്.
ഇന്ത്യയെ വികസിത ഭാരതമാക്കുക എന്ന ലക്ഷ്യത്തിലാണ് ഞങ്ങളെല്ലാവരും മുന്നോട്ട് പോകുന്നത്. ആ ലക്ഷ്യം അധികം വൈകാതെ തന്നെ കൈവരിക്കുകയും ചെയ്തു. ക്രിക്കറ്റ് ഭാഷയിൽ പറയുകയാണെങ്കിൽ ആദ്യ ഓവറിൽ തന്നെ ഈ സർക്കാർ വേഗത്തിൽ സ്കോർ ചെയ്ത് റൺ വർദ്ധിപ്പിക്കുകയാണ്. മറുവശത്ത് പ്രതിപക്ഷമാകട്ടെ നോബോളും വൈഡും എറിഞ്ഞ് രാജ്യത്തിന്റെ സമയം പാഴാക്കുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നതെന്നും” അദ്ദേഹം പറഞ്ഞു.