ആലപ്പുഴ: സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടിച്ച് നടി നവ്യാ നായർ. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശനാണ് അപകടത്തിൽ പരിക്കേറ്റത്.
ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രാമേശന്റെ സൈക്കിൾ ഇടിച്ചത്. അപകടത്തിന് പിന്നാലെ ലോറി നിർത്താതെ പോയി. സംഭവം കണ്ട നവ്യയും കുടുംബവും ട്രെയിലറിനെ പിന്തുടർന്ന് നിർത്തിക്കുകയായിരുന്നു. അപകടം നവ്യ കൺട്രോൾ റൂമിൽ അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്.
ഓണാഘോഷത്തിന് ശേഷം മുതുകുളത്തെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു താരവും കുടുംബവും. നവ്യയെ കൂടാതെ അച്ഛൻ, അമ്മ, സഹോദരൻ , മകൻ സായി കൃഷ്ണ, എന്നിവരാണു കാറിലുണ്ടായിരുന്നത്.
ഹൈവേ പൊലിസും പട്ടണക്കാട് എഎസ് ഐ ട്രീസയും സ്ഥലത്ത് എത്തി. ലോറി പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. പരിക്കേറ്റ രമേശനെ ഹൈവേ പോലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രി ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.















