എല്ലാ അടുക്കളയിലെയും സ്ഥിരസാന്നിധ്യമാണ് വെളുത്തുള്ളി. കാണാൻ ഇത്തിരിയേ ഉള്ളുവെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ അൽപം മുൻപൽ തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ബി6, മൻഗനീസ്, സെലനീയം തുടങ്ങിയ അവശ്യ പോഷകങ്ങളും ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ അകറ്റാനും വെളുത്തുള്ളി ശീലമാക്കാവുന്നതാണ്. എന്നാൽ വെളുത്തുള്ള എണ്ണയെ കുറിച്ച് കേട്ടിട്ടുണ്ടോ?
വെളുത്തുള്ളി ചെടിയിൽ നിന്നാണ് ഗാർലിക് ഓയിൽ ഉത്പാദിപ്പിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടമാണ് വെളുത്തുള്ളി എണ്ണ. ഇതിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണ് ഗാർലിക് ഓയിലിനെ പ്രധാനപ്പെട്ടതാക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളാണ് വെള്ളുത്തുള്ളി എണ്ണ നൽകുന്നത്.
- പല്ലുവേദന കുറയ്‌ക്കാൻ വെളുത്തുള്ളി എണ്ണയ്‌ക്ക് സാധിക്കുന്നു. പല്ലുവേദനയ്‌ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവ് അലിസിൻ സംയുക്തത്തിനുണ്ട്. വേദനയും വീക്കവും ഉള്ളയിടത്ത് എണ്ണയിൽ മുക്കിയ കോട്ടൺ ബോൾ വയ്‌ക്കുക.
- കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം കാക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇതിന് സാധിക്കുന്നു. അതുവഴി രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോളിന്റെ അളവ് തുടങ്ങിയവ കുറയ്‌ക്കും.
- മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും വെളുത്തുള്ളി എണ്ണ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സൾഫർ എന്നിവ മുടിക്ക് ഗുണം ചെയ്യുന്നു. തലയോട്ടി സംബന്ധമായ രോഗങ്ങൾ തടയുന്നതിനും ഇത് സഹായിക്കുന്നു. വെളുത്തുള്ളി എണ്ണ തലയിൽ പുരട്ടുന്നത് രക്തചംക്രമണം കൂട്ടും. ഇത് മുടി വളർച്ചയ്‌ക്ക് സഹായിക്കും.
- ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവയെ തടയാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിന് സംരക്ഷണം നൽകുന്നു, യുവത്വം നിലനിർത്തുന്നു. സ്ട്രെസ് കുറയ്‌ക്കുന്നതിലും അൽഷിമേഴ്സിനെ തടയുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനം പറയുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- മുഖക്കുരു അകറ്റാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റി മൈക്രോബിയൽ ഗുണങ്ങൾ സെബം അടിഞ്ഞു കൂടുന്നത് തടയുന്നു. കറ്റാർ വാഴ ജെല്ലിൽ നേർപ്പിച്ച് മുഖക്കുരുവിൽ പുരട്ടുന്നത് നല്ലതാണ്.
- ജലദോഷം,പനി എന്നിവ തടയാൻ സാധിക്കും. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാൻ സഹായിക്കുന്നു. കുളിക്കുന്നതിന് മുൻപ് കടുകെണ്ണെ ചേർത്ത് പുരട്ടുന്നത് നല്ലതാണ്.
കുടലിൽ അണുബാധ, ദഹനക്കേട്, അൾസർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ വെളുത്തുള്ളി എണ്ണ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.















