ബെയ്റൂത്ത്: നിഗൂഢ പേജർ സ്ഫോടനങ്ങളിൽ ലെബനൻ ഭീകര സംഘടനയായ ഹിസ്ബുള്ളയിലെ നൂറുകണക്കിന് അംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരുടെ ആശയവിനിമയ ഉപകരണമായ പേജറുകൾ പൊട്ടിത്തെറിച്ചാണ് ഭീകരർക്കും ലെബനനിലെ ഇറാൻ പ്രതിനിധിക്കും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റത്.
ഒരുവർഷത്തോളമായി ഇസ്രയേലുമായി സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഹിസ്ബുള്ളയുടെ വിലയിരുത്തൽ. ആദ്യ സ്ഫോടനത്തിന് അരമണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്ഫോടനമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ദക്ഷിണ ലെബനനിലും ഇത്തരത്തിൽ പേജറുകൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ഭീകരർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സഹായിക്കുന്നതിനായി 50 ലധികം ആംബുലൻസുകളും 300 എമർജൻസി മെഡിക്കൽ സ്റ്റാഫുകളെയും അയച്ചതായി ലെബനീസ് റെഡ് ക്രോസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ഹിസ്ബുള്ളയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേൽ സംഭവത്തിൽ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.