ബെയ്റൂത്ത്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര സംഘത്തിന്റെ പുതുതായി പുറത്തിറക്കിയ പേജറുകളാണ് പൊട്ടിത്തെറിച്ചത്. സംഘത്തിലെ രണ്ടുപേരും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു.
വിവിധ ഹിസ്ബുള്ള യൂണിറ്റുകളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തകർ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യമന്ത്രി ഫിറാസ് അബിയാദാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തൽക്കാലത്തേക്ക് ആരോഗ്യ പ്രവർത്തകർ പേജറുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനങ്ങൾ. എന്നാൽ സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല















