ശ്രീനഗർ: പത്ത് വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കശ്മീർ ജനത. 24 സീറ്റുകളിലായി ബുധനാഴ്ച (സെപ്റ്റംബർ 18) നടക്കുന്ന അസംബ്ലി വോട്ടെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കാൻ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കശ്മീരിലെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
ജമ്മുകശ്മീരിൽ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ബുധനാഴ്ച. 5,66,000 യുവതീയുവാക്കാൾ ഉൾപ്പെടെ 2.3 ദശലക്ഷം പേരാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്.
ജമ്മുകശ്മീരിലെ പാംപോർ, ത്രാൽ, പുൽവാമ, രാജ്പോറ, സൈനപോറ, ഷോപിയാൻ, ഡിഎച്ച് പോറ, കുൽഗാം, ദേവ്സർ, ദൂരു, കൊക്കർനാഗ് (എസ്ടി), അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ്വാര-ബിജ്ബെഹറ, ഷാംഗുസ്-അനന്ത്നാഗ് ഈസ്റ്റ്, പഹൽഗാം, ഇൻഡർവാൾ, കിഷ്ത്വാർ, പദ്ദർ-നാഗ്സെനി, ഭദർവ, ദോഡ, ദോഡ വെസ്റ്റ്, റംബാൻ, ബനിഹാൾ തുടങ്ങിയ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 24 നിയമസഭാ മണ്ഡലങ്ങളിൽ 16 എണ്ണം കശ്മീരിലും എട്ടെണ്ണം ജമ്മുവിലുമാണ്. 219 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.
പത്ത് വർഷത്തിന് ശേഷം കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കശ്മീർ സോൺ ഐജി വികെ ബിർദി അറിയിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനും അവസാനഘട്ടം ഒക്ടോബർ എട്ടിനുമാണ് നടക്കുക.