വയനാടാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കിയിരിക്കുന്നത്. താമരശേരി ചുരത്തിലെ കാടമുട്ട ഫ്രൈയെ ഒന്ന് ഫേമസാക്കാൻ പോയ മന്ത്രി സഖാവിനെ നിയമം ഓർമപ്പെടുത്തുകയാണ് ശുചിത്വ മിഷൻ ജീവനക്കാരൻ. തെർമോകോൾ പ്ലേറ്റിൽ വിളമ്പിയ കാടമുട്ട ഫ്രൈയാണ് പണി നൽകിയത്.
‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’ എന്ന ചോദ്യവുമായാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. കാടമുട്ട കൊടുക്കുന്നതിന് സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ച തെർമോകോൾ പ്ലേറ്റിലാണോ എന്ന സംശയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കമൻ്റ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിലുള്ള സ്ക്വാഡിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമറാണ് കമൻ്റിലൂടെ നിയമലംഘനം ഓർമ്മപ്പെടുത്തിയത്.
തെർമോകോൾ ഉൾപ്പടെയുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും പിഴ ചുമത്തേണ്ട കുറ്റമാണ്. മൂന്നാം തവണ അരലക്ഷം രൂപ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസും റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ആരോഗ്യത്തിന് ഹാനികരമായ തെർമോകോൾ മാലിന്യം ഹോട്ടലുകളിൽ നിന്ന് ഗാർബേജ് ബാഗിൽ കെട്ടി ചുരത്തിൽ തള്ളുന്ന പതിവുമുണ്ടെന്നും അജയകുമാർ പറയുന്നു.
തെർമോകോൾ കത്തിക്കാനോ ജൈവ മാലിന്യം പോലെ സംസ്കരിക്കാനോ കഴിയില്ല. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ടതിനാൽ റീസൈക്ലിംഗും സാധിക്കില്ല. നിരോധിത, ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡുകളാണ്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാണ് കമൻ്റ് അവസാനിക്കുന്നത്.
ഇതിന് പുറമേ നിരവധി കമൻ്റാണ് പോസ്റ്റിന് ലഭിക്കുന്നത്. വിൽപന നടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പൊലീസ് ഫൈൻ ഈടാക്കുന്നുവെന്നും കമൻ്റ് ബോക്സിൽ നിരവധി പേർ പരാതിപ്പെടുന്നു. ഏതേ വഴിയാണ് മന്ത്രി സഞ്ചരിച്ചതെന്നും കുന്നംകുളം വഴിയാണോ പോയത് എന്ന് തുടങ്ങി നിരവധി കമൻ്റുകളും പോസ്റ്റിലുണ്ട്.