ചെന്നൈ: മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയ്‌ക്കാനുള്ള നീക്കം വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മകന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിൻ ഇന്നോ നാളയോ നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. ഉപമുഖ്യന്ത്രിയായി ഉദയനിധി എത്തുന്നതോടെ രാഷ്‌ട്രീയ രംജവംശം എന്ന വിശേഷണം അരയ്‌ക്കിട്ടുറപ്പിക്കുകയാണ് ഡിഎംകെ.
ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരമുണ്ടെന്ന് ഉദയനിധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഡിഎംകെയുടെ 75-ാം വാർഷിക ആഘോഷങ്ങൾക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തനം സജീവമാക്കുന്നതിനിടെയാണ് നടൻ കൂടിയായ ഉദയനിധിയുടെ സ്ഥാനക്കയറ്റം.
കിരിടധാരണത്തെ വിമർശിച്ച് ബിജെപി രംഗത്ത് വന്നു. ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയും ശേഷിയും ഉദയനിധിക്കില്ല. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞയാളാണ് . ഡിഎംകെയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ല, ബിജെപി വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു.
ഈ മാസം ആദ്യം അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി എം. കെ സ്റ്റാലിൻ ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുമെന്ന സൂചന നൽകിയിരുന്നു. നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.















