ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ചെന്നൈയിലെ ചെപ്പോക്കിൽ തുടക്കമാകും. രണ്ടു മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുക. പാകിസ്താനെ അവരുടെ നാട്ടിൽ തോൽപ്പിച്ചാണ് ബംഗ്ലാദേശിന്റെ വരവ്. വിരാട് കോലിയും രോഹിത് ശർമയും ബുമ്രയുമടക്കമുള്ള മുതിർന്ന താരങ്ങൾ നാളെ കളത്തിലിറങ്ങുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കുക എന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ബംഗ്ലാദേശിനെ സംബന്ധിച്ച് അവരുടെ സാദ്ധ്യത വർദ്ധിപ്പിക്കുകയാകും ലക്ഷ്യം.
ഇന്ത്യ എല്ലാം ടീമിനെയും ബഹുമാനിക്കുമെന്നും എന്നാൽ ആരെയും ഭയപ്പെടില്ലെന്നും പരിശീലകൻ ഗൗതം ഗംഭീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞങ്ങൾ എതിരാളികളെ നോക്കുനില്ല. ഞങ്ങൾക്കറിയാവുന്ന മികച്ച ക്രിക്കറ്റ് കാഴ്ചവയ്‌ക്കും. പാകിസ്താനിലെ അവരുടെ പ്രകടനത്തെ അഭിനന്ദിക്കുന്നു. ഇതൊരു പുതിയ പരമ്പരയാണ് അവർ മികച്ച ടീമാണ്. ഞങ്ങൾ മികച്ച പ്രകടനം നടത്തണം.—-ഗംഭീർ പറഞ്ഞു.
ഗൗതം ഗംഭീർ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പാകിസ്താനിൽ പരമ്പര നേടിയ ബംഗ്ലാദേശിന് ഇന്ത്യയിൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല. 13 ടെസ്റ്റുകളിൽ 11ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. രണ്ടു മത്സരം സമനിലയിലും.ഇന്ത്യൻ സമയം രാവിലെ 9.30 നാണ് മത്സരം തുടങ്ങുക. ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും മത്സരം കാണാൻ കഴിയും.