ന്യൂഡൽഹി: ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയയ്‌ക്കുന്ന കാലത്തിൽ നിന്ന് ഇന്ത്യ അധികം ദൂരെയല്ലെന്ന് ഇന്ത്യൻ സയന്റിസ്റ്റ് കമ്മ്യൂണിറ്റി. ഇന്ത്യയുടെ നാലാം ചാന്ദ്ര ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഹമ്മദാബാദ് സെന്ററിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ മുൻ ഡയറക്ടർ തപൻ മിശ്രയുടെ പ്രതികരണം. ബഹിരാകാശ മേഖലയിൽ രാജ്യം ഇന്ന് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
ചന്ദ്രനിൽ ലാൻഡർ ഇറക്കിയ ശേഷം കല്ലുകളും ചന്ദ്രനിലെ മണ്ണും ശേഖരിക്കണം, അത് ഓർബിറ്ററിലേക്ക് എത്തിക്കണം. അവിടെ നിന്ന് ഈ ഓർബിറ്റർ തിരികെ സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്യുകയും വേണം. ഇന്ത്യയിൽ നിന്നും ഒരു ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയയ്‌ക്കുന്നതിന്റെ ആദ്യ പടിയാണിത്. മൂന്ന് പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചന്ദ്രയാൻ 4.
ചന്ദ്രയാൻ 3ന്റെ വിജയം നമുക്ക് എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ചന്ദ്രയാൻ 4 എന്നത് ഒരു ‘ലൂണാർ സാമ്പിൾ റിട്ടേൺ മിഷൻ’ ആണ്. രണ്ട് റോക്കറ്റുകളുടെ സഹായത്തോടെയാകും ഈ ദൗത്യം പൂർത്തിയാക്കുക. 2027ൽ ഇതിന്റെ വിക്ഷേപണം നടത്തുമെന്നും പ്രൊഫസർ ആർ സി കപൂർ പറയുന്നു. ഡിസെൻഡർ മൊഡ്യൂളിലുള്ള റോബോട്ടിക് ആം ഉപയോഗിച്ചാണ് ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ഇത് പിന്നീട് അസെൻഡർ മൊഡ്യൂളിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
ചന്ദ്രയാൻ നാലിന് പുറമെ ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, വീനസ് ഓർബിറ്റർ മിഷൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്. 2104 കോടി രൂപയാണ് ചന്ദ്രയാൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ എത്തിയ ശേഷം തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് ചന്ദ്രയാൻ 4 പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെയാണ് ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്.















