ന്യൂഡൽഹി: ഡൽഹി സർവകലാശാല ഭരണസമിതിക്കെതിരെ ഛാത്ര ഗർജ്ജന റാലിയുമായി എബിവിപി. സർവകലാശാലയിലെ നോർത്ത്, സൗത്ത് ക്യാമ്പസുകളിലായി നടന്ന റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അണിനിരന്നത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടയിന്തരമായി പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു എബിവിപിയുടെ പ്രതിഷേധം.
പട്ടിക വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വർദ്ധനവ്, വിദ്യാർത്ഥിനികൾക്കായി എല്ലാ കോളേജുകളിലും എൻസിസി യൂണിറ്റ് , മെട്രോ കൺസെഷൻ ഉറപ്പാക്കുക, ഏകീകൃത ഫീസ്, കേന്ദ്രീകൃത ഹോസ്റ്റൽ പ്രവേശന സംവിധാനം എന്നീ പ്രധാന ആവശ്യങ്ങളാണ് പ്രതിഷേധ പ്രകടനത്തിൽ എബിവിപി മുന്നോട്ട് വച്ചത്.
അവകാശങ്ങൾ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റെ പ്രതിധ്വനി ആണ് ഈ ഛാത്ര ഗർജ്ജന റാലിയിൽ മുഴങ്ങിക്കേൾക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി പറഞ്ഞു. വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പുവരുന്നതിൽ ഭരണസമിതിയുടെ അലംഭാവം സർവകലാശാലയുടെ ശോച്യാവസ്ഥയെയാണ് പ്രകടമാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസമിതി വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടണമെന്നും എന്നാൽ മാത്രമേ നല്ല പഠനാന്തരീക്ഷം ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ എബിവിപി നേതൃത്വം നൽകുന്ന യൂണിയന് സാധിച്ചിട്ടുണ്ടെന്ന് എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു. സർവകലാശാലയെ ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിനും അതുവഴി വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുകയും ലക്ഷ്യമിട്ടാണ് എബിവിപിയുടെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.