ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിന് പിന്നാലെ മറ്റൊരു കത്ത് ഖാർഗെയ്‌ക്ക് കൈമാറി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ പോളിഷ് ചെയ്ത് വീണ്ടും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഖാർഗെ നടത്തുന്നതെന്ന് നദ്ദ ആരോപിക്കുന്നു.
” രാജ്യത്തെ ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞ പരാജയപ്പെട്ട ഒരു ഉത്പന്നത്തെ വീണ്ടും പോളിഷ് ചെയ്ത് രാഷ്‌ട്രീയ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നിങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. ആ കത്ത് വായിക്കുമ്പോൾ തന്നെ അതിൽ പറയുന്ന ഓരോ കാര്യങ്ങളും യാഥാർത്ഥ്യവുമായി യോജിച്ച് പോകുന്നതല്ലെന്ന് അത് വായിക്കുന്ന ആർക്കും മനസിലാകും.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ തുടർച്ചയായി നടത്തുന്ന രാജ്യവിരുദ്ധ പരാമർശങ്ങളും കൊള്ളരുതായ്മകളുമെല്ലാം നിങ്ങൾ മനപ്പൂർവ്വം ആ കത്തിൽ മറച്ചുവയ്‌ക്കുകയാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. രാജ്യത്തെ ഏറ്റവും വലിയ പാർട്ടി അവരുടെ രാജകുമാരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോപ്പി പേസ്റ്റ് പാർട്ടിയായി മാറി എന്നത് സങ്കടകരമാണെന്നും” ജെ പി നദ്ദ കത്തിൽ പറയുന്നു.















