തുംകുരു: മരണമടഞ്ഞ പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന്, മക്കൾ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയ ദൃശ്യം ചർച്ചയാകുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് കർണ്ണാടകയിലെ പാവഗഡ താലൂക്കിലെ വൈഎൻ ഹൊസകോട്ട് ടൗണിലാണ് ഈ ഹൃദയഭേദകമായ സംഭവം.
ദളവായിഹള്ളി ഗ്രാമത്തിലേ സഹോദരങ്ങളായ ചന്ദ്രണ്ണയും ഗോപാലപ്പയുമാണ് സ്വന്തം പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏകദേശം 3-4 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോകാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.
ദളവായിഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന 80 കാരനായ ഗുഡുഗുല്ല ഹൊന്നൂരപ്പ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായപ്പോൾ മക്കൾ 108 എമർജൻസി സർവീസ് വഴി ആംബുലൻസ് വിളിച്ച് വൈഎൻ ഹൊസക്കോട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ ഹൊന്നൂരപ്പ അന്ത്യശ്വാസം വലിച്ചു.
തുടർന്ന് മരിച്ചയാളുടെ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ജീവനക്കാർ വിസമ്മതിച്ചു.മരിച്ചവരെ എമർജൻസി ആംബുലൻസുകളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് 108 ആംബുലൻസ് ജീവനക്കാർ പറയുന്നത്. അതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ കുടുംബത്തിന് ബൈക്കിൽ കയറ്റുക അല്ലാതെ വേറെ മാർഗമില്ലാതായി.
ഹൊന്നൂരപ്പയുടെ രണ്ട് ആൺമക്കൾ തങ്ങളുടെ പിതാവിന്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ ഇരുത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു. നിർണായക സാഹചര്യങ്ങളിൽ ആംബുലൻസ് ഗതാഗതം പോലുള്ള അടിസ്ഥാന സേവനങ്ങളുടെ അഭാവം കർണ്ണാടകയിൽ കൂടുകയാണ്. പ്രദേശവാസികൾക്കിടയിൽ ഈ സംഭവം ഏറെ പ്രകോപനം സൃഷ്ടിച്ചു. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.