ന്യൂഡൽഹി: തനിക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളും ലേലത്തിന് വച്ചിട്ടുണ്ടെന്നും, അതിൽ പങ്കെടുക്കണമെന്നും പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മാനങ്ങൾ വിറ്റ് ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ഗംഗാ നദിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കിയ നമാമി ഗംഗ എന്ന പദ്ധതിയിലേക്കായി കൈമാറുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ലേലത്തിന്റെ ആറാം പതിപ്പാണ് ഇക്കുറി നടക്കുന്നത്. പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 600ഓളം വസ്തുക്കളാണ് ഓൺലൈനായി നടക്കുന്ന ലേലത്തിൽ വച്ചിരിക്കുന്നത്.
” പൊതുപരിപാടികളിൽ നിന്നും എനിക്ക് ലഭിക്കുന്ന സമ്മാനങ്ങൾ എല്ലാ വർഷവും ലേലത്തിന് വയ്‌ക്കാറുണ്ട്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിയിലേക്കാണ് നൽകുന്നത്. ഈ വർഷത്തെ ലേലത്തിന് തുടക്കമായെന്ന വിവരം ഓരോരുത്തരേയും സന്തോഷത്തോടെ അറിയിക്കുകയാണ്. നിങ്ങൾക്ക് താത്പര്യം തോന്നുന്ന സമ്മാനങ്ങൾ ലേലത്തിൽ പിടിക്കാൻ ശ്രമിക്കണമെന്നും” സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറയുന്നു.
2014ലാണ് കേന്ദ്രസർക്കാർ നമാമി ഗംഗ പദ്ധതിക്ക് തുടക്കമിടുന്നത്. ഗംഗാ നദിയുടെ സംരക്ഷണവും നദിയിലെ മലിനീകരണം കുറയ്‌ക്കുന്നതുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിലാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടാം തിയതി വരെ ഓൺലൈനായി ലേലം നടക്കും. https://pmmementos.gov.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഇ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും.
ലേലത്തിന് വച്ചിരിക്കുന്ന ചില സമ്മാനങ്ങൾ ഇവയാണ്,
* പാരാലിമ്പിക്സ് വെള്ളി മെഡൽ ജേതാവ് നിഷാദ് കുമാർ, വെങ്കല മെഡൽ ജേതാക്കളായ അജീത് സിംഗ്, സിമ്രാൻ ശർമ്മ എന്നിവർ ധരിച്ച സ്‌പോർട്‌സ് ഷൂസ്- ഓരോന്നിനും വില 2.86 ലക്ഷം
* വെള്ളി മെഡൽ ജേതാവായ ശരത് കുമാർ ഒപ്പ് ഇട്ട് നൽകിയ തൊപ്പി- 2.86 ലക്ഷം രൂപ
*പാരാലിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ നിത്യശ്രീ ശിവനും ഷട്ടിൽ താരമായ സുകാന്തും ഉപയോഗിച്ച ബാഡ്മിന്റൺ റാക്കറ്റ്- 5.50 ലക്ഷം രൂപ
* വെള്ളിമെഡൽ ജേതാവായ യോഗേഷ് കതൂനിയ ഉപയോഗിച്ച ഡിസ്‌കസ്- 5.50 ലക്ഷം രൂപ
* രാമക്ഷേത്രത്തിന്റെ മാതൃക – വില 5.50 ലക്ഷം രൂപ
*മയിലിന്റെ പ്രതിമ- 3.30 ലക്ഷം രൂപ
* രാം ദർബാറിന്റെ ശിൽപ്പം- 2.76 ലക്ഷം രൂപ
* വെള്ളി വീണ- 1.65 ലക്ഷം രൂപ
ഇതിന് പുറമെ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സമ്മാനങ്ങളും ലേലത്തിൽ വച്ചിട്ടുണ്ട്. കോട്ടൺ വസ്ത്രങ്ങൾ, തൊപ്പികൾ, ഷാളുകൾ എന്ന് തുടങ്ങീ 600 രൂപ മുതലുള്ള വസ്തുക്കൾ ലേലത്തിൽ ലഭ്യമാണ്. പെയിന്റിംഗുകൾ, ഖാദി ഷാളുകൾ, മാതാ നി പച്ചേഡി ആർട്ട്, സിൽവർ ഫിലിഗ്രീ, ഗൊണ്ട് ആർട്ട്, മധുബനി ആർട്ട് എന്നീ തുടങ്ങീ വിവിധ കലാസൃഷ്ടികളും ലേലം വഴി സ്വന്തമാക്കാനാകും.