ശീതീകരിച്ച ബർഗർ മുറിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തേറ്റ് യുകെ സ്വദേശിക്ക് ദാരുണാന്ത്യം. 57-കാരനായ ബാരി ഗ്രിഫിത്ത്സാണ് വീട്ടിൽ വച്ച് അബദ്ധത്തിൽ കത്തി കുത്തി കയറി മരിച്ചത്.
ഒറ്റയ്ക്ക് താമസിക്കുന്നയാളായിരുന്നു ഗ്രിഫിത്ത്. അതിനാൽ തന്നെ മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയിലും കിടപ്പുമുറിയിലും രക്തക്കറ കണ്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഫോണും പഴ്സും കമ്പ്യൂട്ടറും മുറിയിൽ കൃത്യസ്ഥാനങ്ങളിൽ തന്നെ ഉണ്ടായിരുന്നു. അതിനാൽ പണം അപഹരിക്കാനുള്ള ശ്രമത്തിനിടെ മരിച്ചതല്ലെന്ന നിഗമനത്തിൽ പൊലീസെത്തി.
ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്രീസറിന്റെ ഡ്രോയർ തുറന്ന് ഭക്ഷണമെടുക്കാൻ ശ്രമം നടത്തിയതായി പൊലീസ് കണ്ടെത്തി. അടുക്കളയുടെ സ്ലാബിനോട് ചേർന്ന് ബർഗറുകളും കത്തിയും കണ്ടെത്തി. വയറ്റിലാണ് മുറിവേറ്റത്. ഇതാണ് ബര്ഡഗർ മുറിക്കുന്നതിനിടെ കുത്തേറ്റ് മരിച്ചതാകാം എന്ന നിഗമനത്തിലേക്കത്തിയത്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലമെത്തുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അന്വേഷണസംഘം അറിയിച്ചു.