ചെന്നൈ റോഡരികിൽ കണ്ടെത്തിയ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയിൽ. തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാൾ എന്ന ദീപയാണ് (28) മരിച്ചത്. മണിയെന്ന മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ വീട്ടിൽ നിന്ന് 100 മീറ്ററകലെയാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ നിന്നാണ് മണിയിലേക്കുള്ള സൂചന ലഭിച്ചത്. കുമരൻ കൊടിയിലെ പ്രദേശവാസികളാണ് അസാധാരണമായി സ്യൂട്ട്കേസ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും.
മൂന്നുദിവസമായി ദീപയെ മാധവരത്ത് നിന്ന് കാണാതായിരുന്നു. ലൈംഗിക തൊഴിലാളിയായിരുന്നു ദീപയ്‌ക്ക് മണിയാണ് കസ്റ്റമർമാരെ ഏർപ്പാടാക്കിയിരുന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘമടക്കം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.