വിവിധ ഭക്ഷണ പൊതികളിലൂടെയെും പാക്കിംഗ് സാമഗ്രികളിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നത് 3,600 ലേറെ രാസവസ്തുക്കളെന്ന് പഠനം. ഇതിൽ മിക്കവയും ജീവന് തന്നെ ഭീഷണിയാണ്. സൂറിച്ച് ആസ്ഥാനമായുള്ള എൻജിഒയായ ഫുഡ് പാക്കേജിംഗ് ഫോറം ഫൗണ്ടേഷനിലെ വിദഗ്ധൻ ബിർഗിറ്റ് ഗ്യൂക്കിൻ്റേതാണ് പഠന റിപ്പോർട്ട്.
നൂറിലധികം രാസവസ്തുക്കൾ മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമല്ല. PFAS and bisphenol A എന്നിവ സാധാരണയായി മനുഷ്യ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ മാരകമാകാൻ സാദ്ധ്യതയുണ്ടെന്നും ഇവ നിരോധിക്കപെടേണ്ടവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാക്കേജിംഗിലടങ്ങിയ രാസവസ്തുക്കൾ എങ്ങനെ മനുഷ്യ ശരീരത്തിലെത്തുന്നു എന്നതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ഗ്യൂക്ക് വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക്, പേപ്പർ,ഗ്ലാസ്,മെറ്റൽ എന്നിവ ഉപയോഗിച്ചുള്ള പാക്കിംഗുകളിൽ നിന്ന് ഭക്ഷണങ്ങളിലൂടെ മനുഷ്യശരീരത്തിലെത്തുന്ന 14,000 ഓളം രാസവസ്തുക്കളെ റിസർച്ചർമാർ നേരത്തെ പട്ടികപ്പെടുത്തിയിരുന്നു. ഫാക്ടറികളിലെ കൺവെയർ ബെൽറ്റിൽ നിന്നോ ഉത്പന്നം നിർമിക്കാൻ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളിൽ നിന്നോ രാസവസ്തുക്കൾ ഭക്ഷണപദാർത്ഥങ്ങളിലെത്താൻ സാദ്ധ്യതയുണ്ടെന്നും അവർ അടിവരയിടുന്നു.