എറണാകുളം: നടൻ ജയസൂര്യ വിദേശത്ത് നിന്നും നാട്ടിലെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന പീഡന പരാതികൾക്ക് ശേഷം ആദ്യമായാണ് താരം കേരളത്തിലെത്തുന്നത്. കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്നു ജയസൂര്യ.
തനിക്കെതിരായ പീഡന പരാതികളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് താരം മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് കേസുകളും കോടതിയുടെ പരിഗണനയിലയതിനാൽ സംഭവത്തിൽ കൂടതലൊന്നും പറയാനില്ലെന്നും മറ്റ് വിവരങ്ങൾ വഴിയേ പങ്കുവയ്‌ക്കുമെന്നും ജയസൂര്യ അറിയിച്ചു. തന്റെ അഭിഭാഷകനുമായി കൂടിയാലോചിച്ച് ഒരു തചീയതി പ്രഖ്യാപിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ട് ലൈംഗികാതിക്രമ പരാതികളാണ് ജയസൂര്യക്കെതിരെയുള്ളത്.
പീഡനക്കേസിൽ താരം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ സിനിമയുടെ ചിത്രീകരണമില്ലായിരുന്നുവെന്നും കെട്ടിച്ചമച്ച പരാതികളാണെന്നും ജയസൂര്യയുടെ ഹർജിയിൽ പറയുന്നു. വിദേശത്തായതിനാൽ എഫ്‌ഐആർ നേരിട്ട് കണ്ടിട്ടില്ലെന്നും താരം ഹർജിയിൽ പറഞ്ഞിരുന്നു.















