ടെൽ അവീവ്: ലെബനന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി ഇസ്രായേൽ. ഭീകരകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകളാണ് ഇസ്രായേൽ സൈന്യം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തത്. ഇന്നലെ പ്രാദേശികസമയം ഉച്ചയ്‌ക്ക് ശേഷമാണ് ആക്രമണം നടത്തിയത്. 1000 ബാരലുകളുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകൾ തകർത്തുവെന്നാണ് സൈന്യം അറിയിച്ചത്. ഇസ്രായേലിലേക്ക് വെടിവയ്‌ക്കുന്നതിന് വേണ്ടിയാണ് ഹിസ്ബുള്ള ഇവ ഉപയോഗിച്ചിരുന്നത്.
ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ സൈനികശേഷിയും നശിപ്പിക്കുന്നത് വരും ദിവസങ്ങളിലും ഇസ്രായേൽ പ്രതിരോധ സേന തുടരുമെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഹിസ്ബുള്ള ഭീകരർ സന്ദേശം കൈമാറുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന പേജറുകളും വാക്കിടോക്കിയും പൊട്ടിത്തെറിച്ച് ലെബനനിൽ 37ഓളം പേർ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്ക് നേരെ നടത്തുന്ന ശക്തമായ ആക്രമണമാണിത്.
ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും അറിയിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമായേക്കാമെന്ന ആശങ്ക യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. ഒരാഴ്ചയായി ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. സംഘർഷത്തിന് അയവ് വരുത്താൻ എത്രയും വേഗം വെടിനിർത്തൽ നടപ്പിലാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലെബനനോട് അതിർത്തി പങ്കിടുന്ന ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ നിന്ന് കുടിയൊഴിക്കപ്പെട്ട തങ്ങളുടെ പൗരന്മാർക്ക് എത്രയും വേഗം അവരുടെ വീടുകളിലേക്ക് തിരികെ എത്താനുള്ള സൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.















