കൊൽക്കത്ത: 41 ദിവസമായി പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിക്കുന്നു. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ടും, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാർ പ്രതിഷേധ സമരം ആരംഭിക്കുന്നത്. ശനിയാഴ്ച മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഒപി ബഹിഷ്‌കരണം തുടരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യഭവന് മുന്നിൽ ഇന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ റാലി സംഘടിപ്പിക്കുമെന്നും അതിന് ശേഷം സമരം അവസാനിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരിലൊരാളായ അനികേത് മഹന്ത അറിയിച്ചത്. ഡോക്ടർമാരുടെ സുരക്ഷ കർശനമാക്കുന്നതിനും, തൊഴിലിടങ്ങളിൽ മികച്ച അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമായി ചീഫ് സെക്രട്ടറി മനോജ് പന്ത് 10ഓളം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ തന്നെ മുന്നോട്ട് വച്ച ആവശ്യങ്ങളായിരുന്നു ഇവ. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചത്.
സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സേവനങ്ങൾ ആവശ്യമാണെന്നും അതിനാലാണ് തങ്ങൾ ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നാണ് ഡോക്ടർമാർ സർക്കാരിനെ അറിയിച്ചത്. ഈ മാസം 27ന് സുപ്രീംകോടതി ഇത് സംബന്ധിച്ചുള്ള കേസ് വീണ്ടും പരിഗണിക്കും.
തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയാൽ സമരം വീണ്ടും പൂർണതോതിൽ പുന:രാരംഭിക്കുമെന്നും ഡോക്ടർമാർ പറയുന്നു. കൂടുതൽ മെഡിക്കൽ കോളേജുകളിലേക്കും ആശുപത്രികളിലേക്കും സമരം നീട്ടുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി അഭയ ക്ലിനിക്കുകൾ തുറക്കും. ഇന്ന് മുതൽ ഇവിടെ ഡോക്ടർമാരുടെ സേവനം ലഭിച്ചുതുടങ്ങും.















