തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അപലപിച്ച് പ്രമുഖ എഴുത്തുകാരൻ ആനന്ദ് രംഗനാഥൻ. ടിടിഡി ബോർഡിന്റെ അലംഭാവത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് വഞ്ചിതരായത്. പവിത്രമെന്ന് കരുതിയ പ്രസാദത്തിലൂടെ മൃഗക്കൊഴുപ്പും മീനെണ്ണയും കഴിച്ചു. നിയമനടപടി അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതേ സ്ഥാനത്ത് പന്നി കൊഴുപ്പ് ഉപയോഗിച്ച് ഇഫ്താർ വിരുന്ന് നൽകിയിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പന്നിയിറച്ചി പാകം ചെയ്ത് നൽകുകയോ പന്നി കൊഴുപ്പിൽ ആഹാരം പാകം ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ആഭ്യന്തര യുദ്ധത്തിന് സാക്ഷ്യം വഹിക്കുമായിരുന്നു. ഇസ്ലാമിക അധിനിവേശത്താൽ പവിത്രമായ ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ട നാടാണിത്. സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനും ഹൈന്ദവ സംസ്കാരം ലോക വിപത്താണെന്നും പറഞ്ഞ് നടക്കാൻ ആഗ്രഹിക്കുന്ന മന്ത്രിമാരുള്ള നാടിന്റെ പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു. അക്രമികളുടെ തല വെട്ടാനോ കലാപം സൃഷ്ടിക്കാനോ ഹിന്ദുക്കൾ മുതിരാത്തതിനാൽ അധിക്ഷേപം തുടരുന്നുവെന്നും ആനന്ദ് രംഗനാഥൻ കൂട്ടിച്ചേർത്തു.
ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമായാണ് മുദ്രകുത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ വിരോധാഭാസമാണിത്. കമ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ഇവിടെ എന്തുതരം ഹിന്ദു രാഷ്‌ട്രമാണെന്നാണ് ചോദിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മുൻ സർക്കാരിന്റെ അലംഭാവം തന്നെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് തീർച്ചയാണ്. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് സർക്കാർ പ്രസാദത്തിനായി കരാർ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്താണ് ഗുരുതരമായ സംഭവം നടന്നതെന്ന് ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. പ്രസാദത്തിൽ വ്യാപകമായി മൃഗക്കൊഴുപ്പ് ചേർക്കുന്നുണ്ടെന്ന് അദ്ദേഹമാണ് തുറന്നുപറഞ്ഞത്. എന്നാൽ ഇത് നിഷേധിച്ച് വെഎസ്ആർ കോൺഗ്രസ് രംഗത്ത് വന്നെങ്കിലും ലാബ് റിപ്പോർട്ടുകൾ ആരോപണത്തെ ശരി വയ്‌ക്കുകയായിരുന്നു. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.















