തിരുമല: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ക്ഷേത്രത്തിൽ സംഭരിച്ചിരിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് ക്ഷേത്രം ഭരണസമിതി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.
ഗുണനിലവാരം കണ്ടെത്തുന്നതിൽ വിദഗ്ധരായ ഡോ സുരേന്ദ്രനാഥ്, ഡോ.വിജയഭാസ്കർ റെഡ്ഡി, ഡോ. സ്വർണലത, ഡോ. മഹാദേവൻ എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ടെൻഡർ വിളിക്കുമ്പോൾ ഗുണനിലവാരമുള്ള നെയ്യ് ക്ഷേത്രത്തിൽ സംഭരിക്കണമെന്നും, ഇതിനായുള്ള വ്യവസ്ഥകൾ വിദഗ്ധ സമിതി നിർദേശിക്കുമെന്നും ശ്യാമളാ റാവു അറിയിച്ചു. മായം കലർന്നതോ ഗുണനിലവാരമില്ലാത്തതോ ആയ നെയ്യ് വിതരണം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് കരാറുകാർക്ക് മുന്നറിയിപ്പ് നൽകുമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലേക്ക് മായം കലർന്ന് നെയ്യം വിതരണം ചെയ്തുവെന്ന് കണ്ടെത്തിയ കമ്പനികളിലൊന്നിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ മായം കലർന്ന നെയ്യ് കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ ക്ഷേത്രത്തിലെന്നും, അത്തരമൊരു സംവിധാനം ആവശ്യമാണെന്നും ശ്യാമള റാവു പറയുന്നു.















