കൊച്ചി: ഹിന്ദുനവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന പി മാധവ് ജി വരും തലമുറയ്‌ക്ക് പ്രേരണാ ശക്തിയാണെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. കൊച്ചിയിൽ നടന്ന മാധവ്ജി അനുസ്മരണ സമ്മേളനത്തിലും പുസ്തകപ്രകാശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലിയം വിളംബരം വലിയ നേട്ടമാണ്. കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടാണ് പാലിയം വിളംബരം. മാധവ്ജി അനശ്വരനാണ്. വിവിധ ജാതിമത സംഘടനകൾക്ക് മാധവ്ജി മാർഗ്ഗദർശനമേകി. നാടിന്റെ സമൂല പരിവർത്തനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു മാധവ് ജിയെന്നും കുമ്മനം പറഞ്ഞു.
മാധവ്ജിയുടെ ലേഖനങ്ങളും സ്മൃതികളും ഉൾപ്പെടുന്ന 3 പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. ‘രാഷ്‌ട്രചൈതന്യരഹസ്യം’, ‘ആത്മചൈതന്യരഹസ്യം’, ‘മാധവചൈതന്യം’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് പ്രസാധകരായ കുരുക്ഷേത്ര പ്രകാശനാണ്. ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്.സുദർശൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു, അമൃതാനന്ദമയി മഠo പൊതു കാര്യദർശി സ്വാമി പൂർണ്ണാമൃതാനന്ദപുരി, കാ.ഭാ സുരേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കുരുക്ഷേത്ര പ്രകാശൻ ഡയറക്ടർ ബി .വിദ്യാസാഗരൻ പുസ്തക പരിചയം നടത്തി.
ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടുള്ളതാണ് ബ്രാഹ്മണ്യമെന്ന മഹത്തായ ആശയം സമൂഹത്തിന് പകർന്നു നൽകിയ മാധവ്ജി എക്കാലവും ഓർമ്മിക്കപ്പെടുമെന്നതിന്റെ തെളിവായിരുന്നു എറണാകുളം സഹോദര സൗധം വേദിയിലെ തിങ്ങിനിറഞ്ഞ സദസ്.















