ദേശീയ ചലച്ചിത്ര ദിനമായ ഇന്ന് സിനിമാപ്രേമികൾക്ക് സുവർണാവസരം. 99 രൂപയ്‌ക്ക് തീയേറ്ററുകളിൽ സിനിമ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഇത്തവണ സെപ്റ്റംബർ 20നാണ് ദേശീയ ചലച്ചിത്ര ദിനം. കഴിഞ്ഞ മൂന്ന് വർഷമായി ഇത് ആഘോഷിക്കപ്പെടുന്നു. സിനിമയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കാനും, പുതിയ തലമുറയ്‌ക്ക് സിനിമയുടെ ചരിത്രവും സവിശേഷതകളും പങ്കുവെക്കാനുമാണ് ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കുന്നത്. ചലച്ചിത്രമേളകൾ, പ്രത്യേക സിനിമാ പ്രദർശനങ്ങൾ, സിനിമാ-പ്രവർത്തകർക്ക് പുരസ്കാരങ്ങൾ, സിനിമാ ചർച്ചകൾ തുടങ്ങിയവയ്‌ക്ക് ഇന്നേദിവസം സാക്ഷ്യം വഹിക്കുന്നു.
ബോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി വിവിധ ചലച്ചിത്ര മേഖലകളിലെ മികച്ച സംഭാവനകളെയും ഇന്നേദിവസം അഭിവാദ്യം ചെയ്യും. തിരഞ്ഞെടുത്ത തിയേറ്ററുകളിൽ 99 രൂപയ്‌ക്ക് സിനിമ കാണാനുള്ള അവസരവും ആരാധകർക്കായി നൽകുന്നു. പുതിയ ചിത്രങ്ങളും മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ മികച്ച സൗകര്യങ്ങളും പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാലായിരത്തോളം തീയേറ്ററുകളിൽ ഈ ഓഫർ ലഭ്യമാകും. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഓഫർ നൽകുന്നത്. ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും ഇളവ് ലഭിക്കുമെന്നതാണ് പ്രത്യേകത. പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവി ടൈം, വേവ്, മൂവിമാക്‌സ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ഓഫർ ലഭ്യമാണ്.