തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിച്ചതുപോലെയാണ് അന്വേഷണം. കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ അന്വേഷണം ഏൽപ്പിക്കുന്നത് എങ്ങനെയാണെന്നും സുരേഷ് ഗോപി ചോദിച്ചു. പൂരം വിഷയം അന്വേഷിക്കുന്നതിൽ എഡിജിപി എംആർ അജിത്കുമാർ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി ഇത്തരത്തിൽ പ്രതികരിച്ചത്.
കള്ളനെക്കുറിച്ച് പരാതി വന്നു, അപ്പോൾ അത് അന്വേഷിക്കാൻ ഏൽപ്പിക്കുന്നത് കള്ളൻമാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണെങ്കിൽ എന്തുകാര്യം? – സുരേഷ് ഗോപി ചോദിച്ചു. സത്യം മൂടിവയ്‌ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണം. പൊലീസിന് നേരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജഡ്ജിയെ കൊണ്ടോ വിരമിച്ച ജസ്റ്റിസിനെ കൊണ്ടോ സമയബന്ധിതമായി അന്വേഷണം നടത്തണം. അടുത്ത തൃശൂർപൂരം വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അതേസമയം പൂരംവിഷയത്തിൽ അന്വേഷണം നടന്നിട്ടില്ല എന്ന തരത്തിൽ പുറത്തുവന്ന വിവരാവകാശ മറുപടി റിപ്പോർട്ട് സത്യമാണോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. അന്വേഷണസംഘത്തിൽ നിന്ന് എഡിജിപിയെ മാറ്റണം എന്ന നിലപാടിൽ സിപിഐക്ക് മാറ്റമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.