വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വേദനകളും നഷ്ടങ്ങളും ഉൾക്കൊള്ളിച്ച ആൽബം പ്രദർശനത്തിനൊരുങ്ങി. ” ഉരുൾ- പൊരുളറിയാത്ത നഷ്ടങ്ങളുടെ വേദന’ എന്ന പേരിലാണ് ആൽബം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കോഴിക്കോട്ടെ ഒരുപറ്റം കലാകാരന്മാരാണ് ഗാനം തയ്യാറാക്കിയത്.
ഒരു രാത്രികൊണ്ട് കുത്തിയൊലിച്ചെത്തിയ ഉരുൾ, ഒരു കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കിയത് എങ്ങനെയെന്ന് തുറന്നുകാട്ടുന്നതാണ് സംഗീത ആൽബം. പലരെയും ഇല്ലാതാക്കിയും മറ്റുപലരെയും തനിച്ചാക്കിയും അനവധി ആളുകളുടെ സ്വപ്‌നങ്ങൾ തകർത്തും കടന്നു പോയ ഉരുൾപൊട്ടലുണ്ടാക്കിയ തീവ്രമായ വേദനയും നഷ്ടവും വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും കൃത്യമായി വിശദീകരിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചു.
നവീൻ രാജ്, പ്രമോദ്, ബേബി കീർത്തന, നൗഷാദ് എന്നിവരാണ് പ്രധാന വേഷത്തിൽ ആൽബത്തിലെത്തിയത്. പ്രവീൺ നായരാണ് സംഗീതം നിർവഹിച്ചത്. പ്രവാസിയായ എഴുത്തുകാരൻ പ്രദീപ് പുതിയേടത്തിന്റെ വരികൾക്ക് നൗഷാദ് സംഗീതം നൽകി. രതീഷ് മേപ്പയ്യൂരിന്റേതാണ് ആലാപനം. ഛായാഗ്രഹണം ഭദ്രേഷ് ശ്രേയസും, എഡിറ്റിംഗ് ഹരി ജി നായരും നിർവഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളേരിയുടെ സാന്നിധ്യം സംഗീത ആൽബത്തെ കൂടുതൽ മികവുറ്റതാക്കുന്നു.