ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് ആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി രാജ്യത്തെ ഞെട്ടിച്ച ആരോപണവുമായി രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലിരുന്ന സമയത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്നായിരുന്നു നായിഡുവിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ആരോപണത്തെ ശരിവച്ച് ഗുജറാത്തിലെ ലാബ് റിപ്പോർട്ടും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.
ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ക്ഷേത്രത്തിൽ സംഭരിച്ചിരിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ നാലംഗ സമിതിയെ ക്ഷേത്രം ഭരണസമിതി നിയോഗിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുന്ന ലഡ്ഡു രാജ്യത്ത് വളരെയധികം പേരുകേട്ടതാണ്.