കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീംകോടതി നിർദേശ പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും 10ന് ജില്ലാ പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും വിചാരണക്കോടതി ഉത്തരവിട്ടു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഏഴരവർഷത്തിനു ശേഷം സുപ്രീം കോടതി നിർദേശാനുസരണമാണ് ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. വ്യവസ്ഥകൾ സംബന്ധിച്ച് പ്രോസിക്യൂഷൻ ഭാഗം കേട്ട ശേഷം വിചാരണക്കോടതി പൾസർ സുനിക്ക് ജാമ്യം നൽകണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഈ ഉത്തരവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടപ്പാക്കിയത്.
മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് പ്രതികളോട് സമ്പർക്കം പുലർത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ടാൾ ജാമ്യ വ്യവസ്ഥ, അനുമതി കൂടാതെ വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുത്, ഒരും സിം മാത്രമേ ഉപയോഗിക്കാവൂ, ഫോൺ നമ്പർ കോടതിയിൽ നൽകണം എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം. എല്ലാ മാസവും പത്താം തീയതി പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പ്രൊബേഷൻ ഓഫീസർ കോടതിയിൽ റിപ്പോർട്ട് നൽകണം. പൾസർ സുനിയുടെ സുരക്ഷ ജില്ലാ റൂറൽ എസ്പി ഉറപ്പാക്കണമെന്നും വിചാരണക്കോടതി നിർദേശിച്ചു.
സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണിത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസിനു മുന്നിൽ നിശ്ചിത സമയത്ത് ഹാജരാകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചില്ല. മറിച്ച് സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
2017 ഫെബ്രുവരി 17നാണ് നടിയുടെ കാർ അപകടത്തിൽ പെടുത്തിയതിനു ശേഷം പൾസർ സുനിയും സംഘവും അവരെ ആക്രമിച്ചത്. ഫെബ്രുവരി 23ന് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു, വിചാരണ നീണ്ടു പോകുന്നു, ഏഴര വർഷത്തോളം ജയിലിൽ കിടന്നു എന്നടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു ജാമ്യം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന കേസിലും സുനിക്ക് ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്.