വ്യായാമം ചെയ്യാൻ മടിയുള്ളവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ വ്യായാമം അനിവാര്യമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വെറുതെ കുറച്ചു നേരം വ്യായാമം ചെയ്യുന്നതിന് പകരം കൃത്യമായി എത്രനേരം വ്യായാമം ചെയ്യണമെന്നാണ് ഇപ്പോൾ ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നത്.
ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ചീത്ത കൊളസ്‌ട്രോൾ അമിതമാണെന്ന് പഠനങ്ങളിൽ പറയുന്നു. ഇത് പൊണ്ണത്തടിയിലേക്കും ഹൃദയ സംബന്ധമായ രോഗങ്ങളിലേക്കും വഴിവയ്‌ക്കുന്നു. വ്യായാമ കുറവ് മരണ നിരക്ക് ഉയർത്തുന്നുവെന്നും പഠനങ്ങളിൽ പറയുന്നു. ഇത് ഒഴിവാക്കാനായി ദിവസവും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
10 മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവർ ദിവസവും 30- 40 മിനിറ്റ് വ്യായാമം ചെയ്യണം. എന്നാൽ തിരക്കിട്ട ജീവിതത്തിൽ വ്യായാമത്തിനായി സമയം ചെലവഴിക്കാൻ ആളുകൾക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും ചില നുറുങ്ങു വിദ്യകളിലൂടെ വ്യായാമം ചെയ്യാം എന്നാണ് വിദഗ്ധർ പറയുന്നത്.
ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുന്നത് തെരഞ്ഞെടുക്കാം. വീട്ടുപണികൾ ചെയ്യുന്നതും ഒരു വ്യായാമമാണ്. വാഷിംഗ് മെഷീനിൽ തുണികൾ അലക്കുന്നതിന് പകരം അലക്ക് കല്ല് തന്നെ തെരഞ്ഞെടുക്കുക. ജോലി സ്ഥലങ്ങൾ അടുത്തുള്ളവർ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പകരം നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യാമെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.