തിരുവനന്തപുരം: മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. പൊന്നമ്മയുടെ വിയോഗം സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്നും മുരളീധരൻ പറഞ്ഞു.
കവിയൂർ പൊന്നമ്മയുട ചലച്ചിത്ര – സീരിയൽ – നാടക മേഖലകളിലെ സംഭാവനകൾ കലാലോകം എക്കാലവും സ്മരിക്കും. പൊന്നമ്മ അനശ്വരമാക്കിയ
അമ്മ വേഷങ്ങൾ മലയാളി പ്രേക്ഷകർ ഒരുകാലത്തും മറക്കില്ലെന്നും വി. മുരളീധരൻ അനുശോചന കുറിപ്പിൽ പറഞ്ഞു.
കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം ആറുമണിക്കാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പൊന്നമ്മ.