ന്യൂഡൽഹി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് വിതരണം ചെയ്തിരുന്ന നെയ്യ് അമൂലിന്റേതാണെന്ന വ്യാജ പ്രചരണങ്ങൾ തള്ളി കമ്പനി അധികൃതർ. അമൂൽ ഒരിക്കലും തിരുമല തിരുപ്പതി ദേവസ്ഥാനത്തിലേക്ക് നെയ്യ് നൽകിയിട്ടില്ലെന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച് അമൂലിനെതിരെ ഉയരുന്ന ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണെന്നും കമ്പനി അറിയിച്ചു.
” തിരുമല തിരുപ്പതി ദേവസ്ഥാനത്തിലേക്ക് അമുൽ നെയ്യ് വിതരണം ചെയ്തിരുന്നുവെന്ന് പറയുന്ന ചില റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടു. എന്നാൽ അമൂൽ ഒരു ഘട്ടത്തിലും ടിടിഡിക്ക് നെയ്യ് നൽകിയിട്ടില്ല. ഏറ്റവും മികച്ച സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഉത്പാദന കേന്ദ്രങ്ങളിൽ പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കുന്നത്. അവ ഐഎസ്ഒ സർട്ടിഫൈഡ് ആണ്. ഗുണമേന്മയുടെ കാര്യത്തിൽ ഒരിക്കലും അമൂൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ശുദ്ധമായ പാലിൽ നിന്ന് കൊഴുപ്പ് വേർതിരിച്ചെടുത്താണ് അമൂൽ നെയ്യ് നിർമ്മിക്കുന്നത്.
അമൂലിലേക്ക് ലഭിക്കുന്ന പാൽ കർശന പരിശോധനകളിലൂടെ കടത്തിവിട്ട ശേഷമാണ് ഉപയോഗിക്കുന്നത്. മായം ചേർക്കുന്നത് കണ്ടെത്തുന്നതിനായി എഫ്എസ്എസ്എഐ നിർദേശിച്ചിട്ടുള്ള എല്ലാ പരിശോധനകളും കൃത്യമായി പാലിക്കാറുണ്ടെന്നും” അമൂൽ പറയുന്നു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പിന്റേയും മീൻ എണ്ണയുടേയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം സംബന്ധിച്ച് വിമർശനം ഉയരുകയായിരുന്നു.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും, വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും നദ്ദ അറിയിച്ചു. എന്നാൽ ചന്ദ്രബാബു നായിഡു വസ്തുതകളെ വളച്ചൊടിച്ചുവെന്നാണ് വൈഎസ്ആർസിപി അദ്ധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം.















