മാലദ്വീപിന് അടിയന്തര ധനസഹായം നൽകി ഇന്ത്യ; നടപടി മുയിസു സർക്കാരിന്റെ അഭ്യർത്ഥനയ്‌ക്ക് പിന്നാലെ

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്‌ട്രമായ മാലദ്വീപിന് അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. 50 മില്യൺ ഡോളറിന്റെ സർക്കാർ ട്രഷറി ബില്ലുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് നീട്ടിക്കൊണ്ടാണ് ഇന്ത്യ മാലിദ്വീപിന് അടിയന്തര സാമ്പത്തിക സഹായം നൽകുന്നത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മാലദ്വീപ് ഗവൺമെൻ്റിന്റെ 50 മില്യൺ ഡോളറിന്റെ ട്രഷറി ബില്ലുകൾ ഒരു വർഷത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്തതായി മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മുൻ സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി പൂർത്തിയാകുന്ന തീയതി മുതലാണ് പുതിയ സബ്സ്ക്രിപ്ഷൻ.

നേരത്തെ മേയിലാണ് ഇത്തരത്തിൽ ട്രഷറി ബില്ലുകൾ എസ്ബിഐ സബ്സ്ക്രൈബ് ചെയ്തത്. മാലദ്വീപ് ഗവൺമെൻ്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ അടിയന്തിര സാമ്പത്തിക സഹായമെന്നും പ്രസ്താവനയിലുണ്ട്. ആവശ്യഘട്ടങ്ങളിൽ ഇന്ത്യ മാലദ്വീപിനെ സഹായിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറുടെ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ സഹായത്തിന് മാലദ്വീപ് ടൂറിസം മന്ത്രി അഹമ്മദ് അദീബ് നന്ദി അറിയിച്ചു.

Share
Leave a Comment