തെലങ്കാന: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദങ്ങൾ തള്ളി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ സർക്കാരിന് കീഴിൽ നിയമലംഘനങ്ങൾ നടന്നിട്ടില്ലെന്നും, ക്ഷേത്രത്തിനെതിരെ പ്രവർത്തിച്ചുവെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ജഗൻ മോഹൻ റെഡ്ഡി പറയുന്നു.
ദൈവത്തിന്റെ പേരിൽ ചന്ദ്രബാബു നായിഡു രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. ” ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യ് എൻഎബിഎൽ സർട്ടിഫൈഡ് കമ്പനികളിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. വാങ്ങിയ ശേഷവും അവ പരിശോധനയ്‌ക്ക് വിധേയമാക്കും. നെയ്യ് സംഭരിക്കുന്ന പ്രക്രിയയും സുതാര്യമാണ്.
ലാബ് പരിശോധനകൾക്ക് പുറമെ തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ നെയ്യിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിനായി മൂന്ന് തവണ കൂടി പരിശോധനകൾ നടത്താറുണ്ട്. വർഷങ്ങളായി ഈ പ്രക്രിയ തുടർന്ന് വരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസും കത്ത് നൽകും. ചന്ദ്രബാബു നായിഡു വസ്തുതകളെ വളച്ചൊടിക്കുകയാണ്. സർക്കാരിന്റെ 100 ദിവസത്തെ ഭരണം പരാജയമാണ്. അതിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം.
നെയ്യിൽ മായം ചേർത്തുവെന്ന് പറയുന്നത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് തുല്യമാണ്. ആറ് മാസം കൂടുമ്പോൾ ടെൻഡർ നടപടികൾ നടക്കാറുണ്ട്. വിതരണക്കാർ നെയ്യിന്റെ ഗുണനിലവാരം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ അടക്കം ഹാജരാക്കേണ്ടതും നിർബന്ധമാണെന്നും” ജഗൻ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വൈഎസ്ആർസിപി നേതാവ് വൈ വി സുബ്ബറെഡ്ഡി ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി 25ന് പരിഗണിക്കും. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി.















