നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മണിയുടെ മരണത്തിൽ ജാഫര്‍ ഇടുക്കിയ്‌ക്കെതിരേയും അന്വേഷണം നടന്നിരുന്നു. എന്നാൽ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് ജാഫര്‍ ഇടുക്കിയേയും ഒപ്പമുണ്ടായിരുന്നവരേയും വെറുതെ വിടുകയായിരുന്നു. ഈ കേസിനെ തുടര്‍ന്ന് കുറേക്കാലം സിനിമയിൽ നിന്നും താരം മാറി നിന്നിരുന്നു. ആ സമയത്ത് തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ ജാഫർ ഇടുക്കിക്ക് അവസരം ലഭിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ ലൊക്കേഷനിൽ എത്തിയിട്ടും സിനിമ വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.
“മഹേഷിന്റെ പ്രതികാരത്തിൽ ഒരു വേഷം ചെയ്തതിന് പിന്നാലെ എന്നെ ആളുകളൊക്കെ വിളിക്കാൻ തുടങ്ങി. ആ സമയത്താണ് കലാഭവൻ മണിയുടെ മരണം ഉണ്ടാവുന്നത്. അതിൽപ്പിന്നെ ഒന്നര കൊല്ലം ഞാൻ വെറുതെ വീട്ടിലിരുന്നു. ആ സംഭവത്തിൽ നിൽക്കുമ്പോൾ സ്വർണ്ണ കടുവ എന്ന് പറഞ്ഞ സിനിമയിൽ വിളിക്കാൻ ആളുകൾ വന്നു. എന്റെ വീടിന്റെ അടുത്തായിരുന്നു ലൊക്കേഷൻ. പക്ഷേ ഞാൻ പോയില്ല. വീട്ടിലെ അരിയൊക്കെ തീർന്നു എന്ന് ഭാര്യ പറഞ്ഞപ്പോഴാണ് തോപ്പിൽ ജോപ്പൻ സിനിമയിൽ അഭിനയിക്കാൻ പോയത്. മേക്കപ്പ് ഒക്കെ ചെയ്ത് ലൊക്കേഷനിൽ ഇരിക്കുകയാണ്. ഞാൻ മാറിയിരിക്കുകയാണ്. എന്നോട് മിണ്ടണോ വേണ്ടയോ എന്ന സംശയത്തിലാണ് ആളുകൾ. എല്ലാവരുടെയും നോട്ടത്തിൽ എനിക്ക് എന്തൊക്കെയോ തോന്നുന്നു. അപ്പോഴാണ് ഒരു കാർ വന്ന് നിൽക്കുന്നത്. ആരാണെന്ന് നോക്കിയപ്പോൾ, രഞ്ജി പണിക്കർ സർ ഇറങ്ങി വരുന്നു”.
” ‘നിന്നെ കൊല്ലാതെ ബുദ്ധിമുട്ടിച്ചു, അല്ലേടാ’ എന്ന് രഞ്ജി പണിക്കർ സർ അടുത്തു വന്ന് ചോദിച്ചു. അദ്ദേഹം ഈ കാര്യം എടുത്തിട്ടു. പുള്ളി എന്നോട് സ്നേഹമായിട്ടാണ് ചോദിച്ചത്. എനിക്ക് വിറ കയറി, വല്ലാതെ ആയിപ്പോയി. ആ സമയം വല്ലാത്ത ഒച്ചപ്പാട് കേൾക്കാൻ തുടങ്ങി. കാഞ്ഞാറിന്റെ അക്കരെ വലിയ ശബ്ദം. എല്ലാവരും അങ്ങോട്ട് നോക്കുന്നു. അക്കരെ നിന്ന് ഒരു വണ്ടി വരുന്നുണ്ട്. മമ്മൂക്കയുടെ കാരവൻ ആദ്യം വന്നത് ആ ലൊക്കേഷനിലാണ്. ആ കാരവാൻ വന്നതിന്റെ ബഹളമായിരുന്നു”.
“ആ സമയത്തുണ്ടായ ബഹളം എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അഷറഫ് പ്ലാക്കന്റെ സിനിമയിലാണ് കലാഭവൻ മണി അവസാനമായി അഭിനയിച്ചത്. അവിടെ കാരവാനിൽ മണി എന്നെയെ കയറ്റുകയുണ്ടായിരുന്നുള്ളൂ. അന്നൊന്നും നമുക്ക് കാരവാൻ ഉണ്ടായിരുന്നില്ല. മണിക്ക് സ്വന്തമായി ഒരെണ്ണം ഉണ്ട്. അതും ഇതുമായി ബന്ധം തോന്നി. എനിക്കാകെ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്ത് വീട്ടിൽ പോയി. ഞാൻ കിടന്നുറങ്ങി. ഫോൺ ഓൺ ചെയ്തു നോക്കിയപ്പോൾ കുറെ കോളുകൾ. എല്ലാവരും വിളിച്ചു വഴക്ക് പറഞ്ഞു. ഞാൻ സിനിമയിൽ അഭിനയിച്ചില്ല. അങ്ങനെ ആ രണ്ടു പടവും വേണ്ടെന്നു വച്ചിരിക്കുമ്പോഴാണ് ദൈവത്തിന് തുല്യമായി നാദിർഷയുടെ കോൾ വരുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലേക്ക്. അതിൽ അഭിനയിച്ചതിന് ശേഷം എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല”-ജാഫർ ഇടുക്കി പറഞ്ഞു.















