തിരുവനന്തപുരം: വയനാട് ദുരന്തനിവാരണ കണക്ക് വിവാദത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ വാർത്തയിൽ കേരളം ലോകത്തിനുമുന്നിൽ അവഹേളിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണക്കുകളിൽ മാദ്ധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക ആക്ഷേപം ഉണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു
കണക്കുകളിൽ സംശയത്തിന്റെ പുക പടലം ഉയർത്താനുള്ള ശ്രമമാണ് ഉണ്ടായത്. കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന കഥ പ്രചരിച്ചുവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സഹായം തടയണമെന്ന ദുഷ്ടലക്ഷ്യമാണ് ഇതിന് പിന്നിൽ. നശീകരണ മാദ്ധ്യമ പ്രവർത്തനമാണ് ഇതെന്നും മാദ്ധ്യമ നുണകൾക്ക് പിന്നിലെ അജണ്ട ചർച്ചയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരായ 133 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം സർക്കാർ നൽകി. മരണപ്പെട്ട 173 പേരുടെ സംസ്കാര ചടങ്ങുകൾക്ക് കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 26 പേർക്കായി 17,16,000 രൂപ ചെലവഴിച്ചു. ദുരന്ത ബാധിതരായ 1,013 കുടുംബങ്ങൾക്ക് 10,000 രൂപവീതം ധനസഹായം നൽകിയെന്നും മുഖ്യമന്ത്രി കണക്കുകൾ വിശദമാക്കികൊണ്ട് പറഞ്ഞു.