കോഴിക്കോട്: പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രത്തിന് സാധിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആരും ശ്രമിച്ചിട്ടില്ലാത്ത വിധത്തിലുള്ള വികസന മുന്നേറ്റമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ നൈപുണ്യ വികസനം സംബന്ധിച്ച് 2014 മുതൽ നടത്തിയ മുന്നേറ്റങ്ങൾ പ്രശംസനീയമാണ്. കോഴിക്കോട് ഗോവിന്ദപുരം നാഷണൽ സ്കിൽ ട്രെയിനിംഗ് സെന്ററിൽ പിഎം വിശ്വകർമ പദ്ധതിയുടെ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് ലക്ഷം തൊഴിലെവിടെ, പത്ത് കോടി തൊഴിലെവിടെ എന്ന ചോദിച്ച് നടക്കുന്ന മഹാന്മാർക്ക് പോലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. പല സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഇതിന് സാധിക്കുന്നില്ല, എന്നാൽ പ്രധാനമന്ത്രി നേരിട്ടാണ് തൊഴിൽ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തിന്റെ യശസ് ഉയർത്താൻ സാധ്യമായതെല്ലാം പ്രധാനമന്ത്രി ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















