തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തെറ്റിദ്ധരിച്ചെന്നും കൂടെയുള്ളവരുടെ ഉപദേശമാണ് കാരണമെന്നും അൻവർ പ്രതികരിച്ചു. പഴയ കോൺഗ്രസുകാരനാണ് അൻവർ എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അവഹേളിച്ചതിന് മറുപടിയുമായാണ് അൻവർ വാർത്താസമ്മേളനത്തിന് എത്തിയത്.
ഇഎംഎസ് പഴയ കോൺഗ്രസ് ആയിരുന്നില്ലേ, താനും പണ്ട് കോൺഗ്രസ് ആയിരുന്നു. അതിൽ എന്താ തെറ്റ്? പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ വേറെ വഴി തേടും. തന്നെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല, ആരെയും പേടിയില്ല. തന്റെ വിമർശനങ്ങളിൽ പൊലീസുകാരുടെ മനോവീര്യം തകർന്നിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് 100 ശതമാനം തെറ്റാണ്. തന്റെ മനോവീര്യം മണ്ണുംകട്ട കൊണ്ടല്ല, തീയിൽ ജനിച്ചതാണ്. – അൻവർ പറഞ്ഞു.
എഡിജിപിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെക്കുറിച്ചും അൻവർ നടത്തിയ ആരോപണങ്ങൾ പിണറായി വിജയൻ തള്ളിയ സാഹചര്യത്തിലാണ് അൻവറിന്റെ മറുപടി. പി. ശശിക്ക് ക്ലീൻ ചിറ്റ് കൊടുത്ത മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ഓരോ പരാമർശങ്ങൾക്കും അക്കമിട്ടായിരുന്നു അൻവർ മറുപടി നൽകിയത്. മുഖ്യമന്ത്രിക്ക് ശശിയെ വിശ്വാസമായിരിക്കും എന്നാൽ ആ വിശ്വാസം തനിക്കില്ലെന്ന് എംഎൽഎ തുറന്നടിച്ചു.















