തിരുവനന്തപുരം: ആലപ്പുഴയിൽ യുവാവിന് എംപോക്സ് ബാധിച്ചതായി സംശയം. വിദേശത്തുനിന്ന് എത്തിയ ഇയാൾ നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുടുംബത്തെ ക്വാറന്റീനിലാക്കി. ബഹ്റെയ്നിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശിയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
പനിയും ശരീരത്തിൽ ചുവന്ന പാടുകളും രൂപപ്പെട്ടതിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ യുവാവിനെ ചികിത്സിച്ച ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. രക്ത സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും.
യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ യുവാവിന് കഴിഞ്ഞ ദിവസം എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം സ്വദേശിയാണ് Mpox പോസിറ്റീവായത്. ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു എംപോക്സും സ്ഥിരീകരിച്ചത്. മലപ്പുറത്ത് മഞ്ഞപ്പിത്ത രോഗികളും പെരുകുകയാണ്. ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.















