കോഴിക്കോട്: ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതൽ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകി. തലക്കുളത്തൂർ അന്നശ്ശേരി കോളിയോട്ട് താഴം സ്വദേശിനിയാണ് ആരോപണവിധേയയായ പരാതിക്കാരി. കഴിഞ്ഞ ഒമ്പത് വർഷമായി ഭർത്താവ് പീഡിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ കഴുത്തുമുറുക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഭർത്താവിന്റെ കൈ തട്ടിമാറ്റി അടുത്തവീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു യുവതി. പിന്നാലെ വന്ന ഭർത്താവ് കൊലവിളി തുടർന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഭർത്താവ് റൂമിൽ കയറി കതകടച്ചു. വിഷയം ചോദിക്കാൻ ചെന്ന ബന്ധുവിനെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിനിടെ അയാൾ ജനനേന്ദ്രിയത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് ഭാര്യ പറയുന്നത്.