വാഷിംഗ്ടൺ ഡിസി: ‘ ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിൽ ക്വാഡ് കാൻസർ മൂൺഷോട്ട് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി സെർവിക്കൽ കാൻസർ ചെറുക്കുന്നതിനായി സാമ്പിൾ കിറ്റുകൾ, ഡിറ്റക്ഷൻ കിറ്റുകൾ, വാക്‌സിനുകൾ എന്നിവയ്‌ക്ക് 7.5 മില്യൺ ഡോളർ സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചു.
ഡെലവെയറിൽ നടന്ന കാൻസർ മൂൺഷൂട്ട് പരിപാടിയിൽ ഗർഭാശയ അർബുദത്തെ തടയാൻ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. സെർവിക്കൽ കാൻസർ തടയുന്നതിനായി രോഗം നിർണയിക്കേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ക്വാഡ് കാൻസർ മൂൺഷൂട്ട് സംഘടിപ്പിച്ചതിൽ ജോ ബൈഡന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കാൻസറിനെതിരെയുള്ള കൂട്ടായ പോരാട്ടമാണിതെന്നും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ, എന്നാൽ ഗുണനിലവാരമുള്ള ചികിത്സകളും ലഭ്യമാക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരി കാലത്ത് ഇന്തോ- പസഫിക്കിനായി ക്വാഡ് വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും മുൻകൈ എടുത്തിരുന്നു. സെർവിക്കൽ കാൻസറിനെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രതിജ്ഞയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കാൻസർ ചികിത്സയ്‌ക്കും പരിചരണത്തിനും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെർവിക്കൽ കാൻസർ തടയുന്നതിനായി ഇന്ത്യ സ്വന്തമായി വാക്‌സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ചികിത്സാ പ്രോട്ടോക്കോളുകൾ അവലംബിക്കുകയാണ്. വളരെ ചെലവ് കുറഞ്ഞ സെർവിക്കൽ കാൻസർ നിർണയ പരിശോധനാ പരിപാടിയാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഇന്ത്യ നടപ്പിലാക്കുന്നു. കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാഴ്ചപ്പാട് ഒരു ഭൂമി, ഒരു ആരോഗ്യമാണ്. സെർവിക്കൽ കാൻസറിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ ഇന്ത്യയും തയ്യാറാണെന്നും 7.5 മില്യൺ ഡോളർ സാമ്പത്തിക പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















