ഫിലാഡൽഫിയ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലേക്ക് തിരിച്ചു. ഇവിടെ നടക്കുന്ന യുഎൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയുടെ ആറാം പതിപ്പാണ് ഡെലവെയറിൽ നടന്നത്. നിലവിലെ ക്വാഡ് നേതാക്കൾ എല്ലാവരും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന ഉച്ചകോടി കൂടിയാണിത്. നവംബറിൽ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോ ബൈഡൻ ഒഴിയും. ഇതിന് പുറമെ ജപ്പാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇനി മത്സരത്തിനില്ലെന്ന് ഫ്യുമിയോ കിഷിദയും അറിയിച്ചിട്ടുണ്ട്.
ക്വാഡ് നേതാക്കളുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും, ലോകത്തിന്റെ ഒന്നാകെയുള്ള മുന്നേറ്റത്തിന് ക്വാഡ് സംഭാവനകൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ക്വാഡ് രാജ്യങ്ങൾ കൂടുതൽ യോജിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ക്വാഡ് ഉച്ചകോടിക്ക് പുറമെ ജോ ബൈഡൻ, ആന്റണി അൽബാനീസ്, ഫ്യുമിയോ കിഷിദ എന്നുവരുമായി പ്രധാനമന്ത്രി വ്യക്തിഗത കൂടിക്കാഴ്ചയും നടത്തി. ഇന്ന് ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും വിവിധ കമ്പനി മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നാളെയാണ് യുഎന്നിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.















