മോഹൻലാലിന്റെ ജന്മം തന്ന അമ്മ യാത്ര പറഞ്ഞുപോയെന്ന് ദേശാഭിമാനി : ഇങ്ങനെ നുണ പടച്ചു വിടരുതെന്ന് സോഷ്യൽ മീഡിയ : ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

Published by
Janam Web Desk

തിരുവനന്തപുരം : അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ എന്ന പേരിൽ സിപിഎം പത്രം ദേശാഭിമാനി നൽകിയ ലേഖനം വിവാദമാകുന്നു . ലേഖനത്തിൽ ‘രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു.’ എന്ന് മോഹൻലാൽ പറഞ്ഞതായാണ് പറയുന്നത് .
എന്നാൽ മോഹൻലാലിന്റെ സ്വന്തം അമ്മ ജീവിച്ചിരിക്കുകയും , അടുത്തിടെ ജന്മദിനം പോലും ആഘോഷിക്കുകയും ചെയ്തിരുന്നു . എന്നിട്ടും ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി എന്ന രീതിയിൽ അസത്യ പ്രചാരണമാണ് ദേശാഭിമാനി നടത്തിയിരിക്കുന്നത് .ലേഖനത്തെക്കുറിച്ച് ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്ക് വച്ചു.

‘ നമുക്കേവർക്കും പ്രിയപ്പെട്ട അഭിനേത്രി കവിയൂർ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹൻലാൽ എഴുതുന്നു എന്ന വ്യാജേന എന്തിനാണ് ഇന്നൊരു ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്?

ഇത് വ്യാജമെന്നും ലാലേട്ടൻ എഴുതിയതല്ലെന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്. ലാലേട്ടൻ എഴുതിയെന്ന് പറയപ്പെടുന്ന ഈ വരികൾ നോക്കൂ — “രണ്ട് പ്രിയപ്പെട്ട അമ്മമാരിൽ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോൾ അത്രമേൽ ആഴത്തിൽ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു.”
ലാലേട്ടന്റെ അമ്മ യാത്ര പറഞ്ഞ് എങ്ങോട്ടു പോയെന്നാണ് സ്വരാജേ നിങ്ങൾ പറയുന്നത്? ലാലേട്ടന്റെ അമ്മ കൊച്ചിയിലുണ്ട്. ഈ അടുത്തിടെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. സ്നേഹനിധിയായ ഒരു മകൻ തന്നോടൊപ്പമുള്ള തന്റെ അമ്മ യാത്ര പറഞ്ഞുപോയെന്നൊന്നും ഒരിക്കലും എഴുതില്ല. ഇത് നിങ്ങളൂടെ സ്ഥാപനത്തിലെ ആരോ ലാലേട്ടന്റെ പേരിൽ പടച്ചുവിട്ട ഉടായിപ്പ് ലേഖനമാണ്.
ഉളുപ്പുണ്ടോ സഖാവേ ഇതൊക്കെ പ്രസിദ്ധീകരിക്കാൻ? വരിക്കാരെ വീണ്ടും വീണ്ടും മണ്ടന്മാർ ആക്കുകയാണോ നിങ്ങളുടെ ഉദ്ദേശം? മറിയക്കുട്ടി ചേട്ടത്തിയുടെ കാര്യത്തിൽ നിങ്ങൾ വ്യാജവാർത്ത ചമച്ചതും മാപ്പ് പറഞ്ഞതുമൊക്കെ നമ്മൾ കണ്ടതാണ്. അല്പമെങ്കിലും ഉളുപ്പ്, ചളിപ്പ് വികാരങ്ങൾ ബാക്കിയുണ്ടെങ്കിൽ നാളെ രണ്ട് ക്ഷമാപണം നടത്തുക — ഒന്ന് ലാലേട്ടനോട്, മറ്റൊന്ന് നിങ്ങളുടെ വായനക്കാരോട്.‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.

അതേസമയം ലേഖനം വിവാദമായതോടെ ‘ നിർവ്യാജം ഖേദമറിയിച്ചും ‘ ദേശാഭിമാനി രംഗത്തെത്തിയിട്ടുണ്ട്.

Share
Leave a Comment