കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കൾക്കായി ആകർഷകങ്ങളായ ഫിനാൻസിംഗ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രം ഒപ്പു വച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. രാജ്യത്തുടനീളം എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ലളിതവും തടസ്സമില്ലാത്തതുമായ ഫിനാൻസ്് സൗകര്യങ്ങൾ മികച്ച രീതിയിൽ വാഗ്ദാനം ചെയ്യാൻ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ടാറ്റ മോട്ടോർസ് അധികൃതർ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ചെറിയ വാണിജ്യ വാഹനങ്ങൾക്കും (എസ്‌സിവി) ലൈറ്റ് കൊമേർഷ്യൽ വെഹിക്കിളുകൾക്കും (എൽസിവി) നൽകിയിരുന്ന പങ്കാളിത്തമാണ് ഇപ്പോൾ ടാറ്റ മോട്ടോർസിന്റെ എല്ലാ വിഭാഗം വാഹനങ്ങളിലേക്കും വ്യാപിപ്പിച്ചത്. ഫസ്റ്റ്-ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സിൽ സംരംഭകത്വവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ടാറ്റ മോട്ടോർസിന്റെ ശ്രമത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമ്പനി എസ്‌സിവി & പിയു വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ വിനയ് പതക് പറഞ്ഞു.
ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഫിനാൻസിംഗ് സേവനങ്ങൾ നൽകുന്നതിനായി ടാറ്റ മോട്ടോർസുമായുള്ള പങ്കാളിത്തത്തെ ഏറെ ആഹ്ലാദത്തോടെയാണ് കാണുന്നതെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാർ ടാംത പറഞ്ഞു.
ഇസാഫിന്റെ വിപുലമായ ശൃംഖലയും സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവും ചേരുമ്പോൾ ഈ പങ്കാളിത്തത്തിലൂടെ വാണിജ്യ വാഹന ബിസിനസുകളുടെ ഗണ്യമായ വളർച്ചയെ ഉത്തേജിപ്പിക്കുമെന്നും ഹേമന്ത് കുമാർ ടാംത പ്രതീക്ഷ പ്രകടിപ്പിച്ചു.















