ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ‘ രാഹ’ എന്ന കുഞ്ഞു മാലാഖയുടെ മാതാപിതാക്കൾ കൂടിയാണ് ആലിയയും രൺബീറും. മകളോടുള്ള രൺബീറിന്റെ പ്രത്യേക സൗഹൃദം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ ഭട്ട്.
‘ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ അഭിമുഖത്തിലാണ് രൺബീർ, ഏറ്റവും കൂടുതൽ സമയം ചെലഴിക്കാൻ ഇഷ്ടപ്പെടുന്നത് രാഹയ്‌ക്കൊപ്പമാണെന്ന് ആലിയ പറയുന്നത്. മകൾക്കൊപ്പം വിവിധ തരത്തിലുള്ള ഗെയിമുകൾ കളിക്കുന്നതും അവളെ ഉറക്കുന്നതുമാണ് രൺബീറിന്റെ വിനോദങ്ങളെന്നും ആലിയ പറയുന്നു.
രാഹയെ ഉറക്കുന്നതിനായി ‘ഉണ്ണി വാവാവോ.. പൊന്നുണ്ണി വാവാവോ’ എന്ന മലയാളം താരാട്ടു പാട്ട് രൺബീർ പഠിച്ചെടുത്ത രസകരമായ കാര്യവും ആലിയ വിവരിക്കുന്നുണ്ട്. രാഹയെ നോക്കുന്നതിനായി എത്തിയ ആയ അവളെ ഉറക്കുന്നതിനായി ഈ പാട്ട് പാടുമായിരുന്നു. പിന്നീട് എപ്പോഴും ഈ പാട്ട് കേട്ടാൽ മാത്രമേ അവൾ ഉറങ്ങുകയുള്ളൂവെന്നാണ് ആലിയ പറയുന്നത്.
ഉറങ്ങാൻ കിടത്തിയാൽ ‘ അമ്മ വാവാവോ പാടൂവെന്നും പപ്പാ വാവോ പാടൂവെന്നും’ മകൾ പറയാറുണ്ടെന്നും താരം പറയുന്നു. പിന്നീട് രൺബീർ ഈ ഗാനം സ്വയം പഠിച്ചെടുക്കുകയായിരുന്നു. മകൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിതെന്നും ആലിയ പറഞ്ഞു.















