ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ രാജ എന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. റൗഡി ലിസ്റ്റിൽ പേരുള്ള സീസിങ് രാജ എന്നയാളാണ് കൊല്ലപ്പെട്ടത്. സീസിംഗ് രാജയെ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ നീലങ്ങരൈയിൽ വച്ച് പോലീസിനെ ആക്രമിച്ച് സിംഗ് രാജ രക്ഷപ്പെടാൻ ശ്രമിച്ചതായി പറയപ്പെടുന്നു.
അറസ്റ്റ് ചെയ്ത രാജയെ പോലീസ് വാഹനത്തില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും വഴി ഇയാൾ പോലീസിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായാണ് രാജയുമായി സംഘം ചെന്നൈയിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ഇയാൾ തോക്ക് കൈവശപ്പെടുത്തി പോലീസിന് നേരെ വെടിവെക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് പോലീസ് പ്രതിയെ വെടിവെക്കുന്നത്. രാജയുടെ വയറിലും നെഞ്ചിലും വെടിയേറ്റു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രാജക്കെതിരേ 33 കേസുകളുണ്ട്.
ആംസ്‌ട്രോങ്ങിനെ വധിച്ച കേസില്‍ പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തെ ഒന്നരമാസം മുന്‍പ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്ട്രോങ്ങ് ജൂലൈ അഞ്ചിനാണ് പെരമ്പൂരിലെ വീട്ടിൽ വെച്ച് ക്രൂരമായി വെട്ടേറ്റ് മരിച്ചത്. റാണിപ്പേട്ട് ജില്ലയിലെ പൊന്നായി സ്വദേശിയായ പൊന്നായി ബാലു (39), പരേതനായ ആർക്കാട് സുരേഷിന്റെ സഹോദരൻ, കൂട്ടാളികളായ കുന്ദ്രത്തൂർ സ്വദേശി തിരുവേങ്കടം (33) എന്നിവരുൾപ്പെടെ എട്ടുപേരെയാണ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തത്. സഹോദരൻ ആർക്കാട് സുരേഷിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ആംസ്‌ട്രോങ്ങിനെ കുടുക്കിയതെന്ന് പൊന്നായി ബാലു മൊഴിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇതിന് പുറമെ വെല്ലൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റൗഡി നാഗേന്ദ്രനും മകൻ അശ്വത്ഥാമനും കൊലപാതകത്തിൽ പങ്കുണ്ടെന്നു ആരോപണമുണ്ട്. ഇതേവരെ വിവിധ പാർട്ടി അംഗങ്ങൾ,ഗുണ്ടകൾ, അഭിഭാഷകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നായി 27 പേർ അറസ്റ്റിലായി.
ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലെ മറ്റൊരു മുഖ്യപ്രതിയായ റൗഡി ബുദൂർ അബുവിനെ ഡൽഹിയിൽ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആംസ്‌ട്രോങ്ങിനെ കൊല്ലാൻ റൗഡി അപ്പുവിനു നാടൻ സ്‌ഫോടകവസ്തുക്കൾ നൽകിയത് ഇയാളാണെന്ന് പറയപ്പെടുന്നു.