ന്യൂഡല്‍ഹി : സൈനികരും, ആയുധങ്ങളുമായി കശ്മീരിൽ നിന്ന് കർണാടകയിലേയ്‌ക്ക് പോകുകയായിരുന്ന പ്രത്യേക ട്രെയിന്റെ ട്രാക്കിൽ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണവുമായി കരസേന. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്നാണ് കരസേന അന്വേഷിക്കുന്നത്.
സെപ്റ്റംബര്‍ 18-നാണ് സപ്ഘാത – ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് . ട്രെയിന്‍ കടന്നു പോയപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടി. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി.
തുടര്‍ന്ന് ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിർത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. മദ്യലഹരിയിലാണ് സ്‌ഫോടക വസ്തുക്കള്‍വെച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യം പൊലീസോ, മറ്റ് ഏജന്‍സികളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മാത്രമല്ല സിഗ്നല്‍ മാന്‍, ട്രാക് മാന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള റെയില്‍വേ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണം എന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവരും സംഭവ സ്ഥലം വിശദമായി പരിശോധിക്കാനെത്തി. കാലഹരണപ്പെട്ട ഫോഗ് ഡിറ്റണേറ്ററുകളാണോ ട്രാക്കിൽ സ്ഥാപിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.