എറണാകുളം: ബീവറേജ്സ് ഔട്ട്ലെറ്റിൽ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കുന്നത്തുനാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. മാനേജറായ യുവതിയെ കയറിപ്പിടിക്കുകയും പൊതു മുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഗോപി പട്ടിമറ്റത്തെ ബീവറേജ് ഔട്ട്ലെറ്റിൽ എത്തിയത്. മദ്യലഹരിയിൽ ആയിരുന്ന ഗോപി മദ്യക്കുപ്പിയെടുത്ത് ബിൽ അടയ്‌ക്കാതെ പുറത്തേക്ക് പോയി. പിന്നാലെ എത്തിയ ജീവക്കാർ ഷട്ടർ താഴ്‌ത്തി പൊലീസുകാരനെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് സ്ത്രീ ജീവനക്കാരെ അടക്കം കയ്യേറ്റം ചെയ്തത്.
ഗോപി ഇതിന് മുമ്പും സമാനരീതിയിലുള്ള പ്രശ്നങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി ഗോപി എസ്ഐയെ അസഭ്യം വിളിച്ചെന്നും പറയുന്നുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഗോപി കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവറായാണ് ജോലി ചെയ്യുന്നത്.















