മലപ്പുറം: വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. വനം മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എംഎൽഎയുടെ രൂക്ഷ വിമർശനം. ജനവിരുദ്ധ വകുപ്പായി വനംവകുപ്പ് മാറിയെന്ന് എംഎൽഎ പറഞ്ഞു. നിലമ്പൂരിൽ വനംവകുപ്പ് നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു വിമർശനം.
വനം-വന്യജീവി വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇടതുമുന്നണിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. എൽഡിഎഫിന് 20 ശതമാനം വോട്ട് കുറഞ്ഞത് വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വനംവകുപ്പ് ജീവനക്കാരുടെ മനസ് വന്യജീവികളേക്കാൾ മോശമാണെന്നും അൻവർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതെല്ലാം പറയാൻ കഴിയുമോയെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ.
ഇതിന് ശേഷം വനം റേഞ്ച് ഓഫീസറോടും പിവി അൻവർ എംഎൽഎ കയർത്തു. തെണ്ടിത്തരം കാട്ടരുതെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥനോട് അൻവർ പറഞ്ഞത്. നിലമ്പൂർ അരുവാക്കോട് വനംവകുപ്പ് ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ പിവി അൻവറിന്റെ വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോടാണ് എംഎൽഎ കയർത്തത്.















