മലയാള സിനിമാലോകത്ത് പകരം വയ്‌ക്കാനില്ലാത്ത 300ലധികം കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അഭിയകുലപതിയാണ് മധു. മലയാള സിനിമയുടെ കാരണവർ 91-ാം വയസിന്റെ നിറവിൽ നിൽക്കുമ്പോൾ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും.
മധുവിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപി, ഇതിഹാസ നടനെ നേരിൽ കണ്ട് ആശംസകളറിയിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. ഭാര്യ രാധികയുമൊത്താണ് സുരേഷ് ഗോപി തിരുവനന്തപുരത്തുള്ള മധുവിന്റെ വീട്ടിലെത്തിയത്. ഇടയ്‌ക്കിടെയുള്ള വരവാണിതെന്നും ഇന്നത്തെ ദിവസത്തിന് പ്രത്യേകതയുള്ളതിനാൽ വരാതിരിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ജന്മനക്ഷത്രം ആഘോഷിക്കുന്ന സംസ്‌കാരമുള്ള നാടാണിത്. അതിനാൽ മലയാള സിനിമയുടെ കാരണവരുടെ ജന്മനക്ഷത്രം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്നും മധുവിന്റെ അനുമതി തേടിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. ലളിതമായ രീതിയിൽ പിറന്നാൾ ആഘോഷിക്കണമെന്നാണ് ആഗ്രഹമെന്നും അതിന് അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ മധുവിന് ജന്മാശംസകൾ നേർന്നിരുന്നു. മധുവിന്റെ ജീവിതയാത്രയിലെ മനഹോരമാർന്ന മുഹൂർത്തങ്ങളെല്ലാം ഉൾക്കൊള്ളിച്ചുള്ള വെബ്‌സൈറ്റും മോഹൻലാൽ പങ്കുവച്ചിരുന്നു.















