ന്യൂഡൽഹി: വിവാദ മതപ്രഭാഷകനായ സാക്കിർ നായിക്കിന് പാകിസ്താനിലേക്ക് ക്ഷണം. കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മത പ്രഭാഷണം നടത്താനായാണ് സാക്കിറിന് പാകിസ്താന്റെ ക്ഷണം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സാക്കിർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലാണ് വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട സാക്കിറിന്റെ പ്രഭാഷണ പരമ്പര നടക്കുക. പാകിസ്താന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യാത്ര. ഒക്ടോബർ 5 നാണ് പര്യടനം ആരംഭിക്കുന്നത്. കറാച്ചിയിൽ തുടങ്ങുന്ന പ്രഭാഷണ പരമ്പര ഒക്ടോബർ 20 ന് ഇസ്ലാമാബാദിൽ അവസാനിക്കും. മകൻ ഫാരിഖ് നയിക്കിനൊപ്പമാണ് സാക്കിറിന്റെ പാകിസ്താൻ പര്യടനം.
‘ജീവിതത്തിന്റെ ലക്ഷ്യമെന്ത്’, ‘ഖുർആൻ മനസിലാക്കി വായിക്കണമെന്നത് പ്രധാനമാണോ’ തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണമെന്ന് പാകിസ്താൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സാക്കിറിന്റെ വഖഫ് ബില്ലുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് അടുത്തിടെ വിവാദമായത്. വിവാദപരവും പ്രകോപനപരവുമായ പ്രസംഗങ്ങൾക്ക് പേരുകേട്ട സാക്കിർ നായിക്കിന്റെ പേരിൽ മത വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ പേരിലും കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങളും ചുമത്തി കേസുകളുണ്ട്.